ന്യൂഡൽഹി: കൈക്കൂലിക്കേസിൽ ഉൾപ്പെട്ട ജസ്റ്റീസ് യശ്വന്ത് വർമ്മ രാജിവച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയം അദ്ദേഹത്തോട് രാജിവെക്കാൻ നിർദ്ദേശിച്ചിരുന്നു. സ്വമേധയാ രാജി സമർപ്പിക്കാൻ തയാറാകാത്ത യശ്വന്ത് വർമ്മയെ ഡൽഹിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
പിന്നീട് പാർലമെന്റിൽ ഇംപീച്ച്മെന്റ് നടപടികൾ നടക്കുന്നതിനിടെയാണ് രാജി. 2025 മാർച്ച് മാസത്തിൽ ഹോളി ദിനത്തില്‍ യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ 15 കോടി രൂപ കണ്ടെത്തിയിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ സംഘം ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.
തീപിടിത്തത്തിൽ കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കെ. ഉപാധ്യായ നൽകിയ റിപ്പോർട്ടും പണം കണ്ടെത്തിയ മുറിയിലെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയും ചീഫ് ജസ്റ്റീസ് പരസ്യപ്പെടുത്തിയിരുന്നു. അഴിമതി ആരോപണം ശക്തമായതിനെത്തുടർന്ന് ജസ്റ്റീസ് വർമ്മയെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം ലോക്സഭാ അംഗങ്ങൾ ഒപ്പിട്ട പ്രമേയം അവതരിപ്പിച്ചു.